വിട് നഷ്ടപ്പെട്ടവർക്ക് എസ് കെ എസ് എസ് എഫ് ധനസഹായം നൽകും

കോഴിക്കോട്: മഴക്കെടുതിയും ഉരുൾപൊട്ടലും മൂലം വീടുകൾ നഷ്ടപ്പെടുകയും ഭാഗികമായി തകരുകയും ചെയ്ത കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് ധനസഹായം നൽകാൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച ദുരിതാശ്വാസ നിധിയിൽ നിന്ന്, തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് തുക നൽകുക. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിൽ തിരിച്ചെത്തുന്നവർക്ക് വേണ്ടി വിവിധ കേന്ദ്രങ്ങളിൽ സംഘടന ശേഖരിച്ച ഭക്ഷണം, വസ്ത്രം , പഠനോപകരണങ്ങൾ തുടങ്ങിയവ വിഖായ വളണ്ടിയർമാർ മുഖേന കിറ്റുകളായി വീടുകളിൽ എത്തിച്ചു തുടങ്ങി. എസ് കെ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം 24 മുതൽ വിവിധ ജില്ലകളിൽ ദുരിതബാധിതരെ സന്ദർശിക്കും. സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച മുഴുവൻ തുകയും ആഗസ്ത് 25 ന് മുമ്പായി ശേഖരിക്കാൻ പദ്ധതി തയ്യാറാക്കി. കുവൈത്ത് കേരള ഇസ് ലാമിക് കൗൺസിൽ, ജിദ്ദ, അൽകോബാർ, ഹോതാ ബനീതമീം ഗൾഫ് കമ്മിറ്റികളുടെ സംഭാവന യോഗത്തിൽ ഭാരവാഹികളിൽ നിന്ന് സ്വീകരിച്ചു. ജനറൽ സെക്രട്ടറി സത്താർ പന്തലൂർ, ഹബീബ് ഫൈസി കോട്ടോപ്പാടം, പി.എം. റഫീഖ് അഹ്മദ് , ഒ.പി.എം അഷ്റഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.