ആരോഗ്യരംഗത്ത് കൂടുതല്‍ ജാഗ്രത പാലിക്കണം:  ഹമീദലി ശിഹാബ് തങ്ങള്‍

തിരൂര്‍: ആരോഗ്യരംഗത്ത് കൂടുതല്‍ ജാഗ്രത പാലിക്കേണ്ട കാലമാണിതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തിരൂര്‍ ചെമ്പ്രയിലെ ഇര്‍ഷാദുല്‍ അനാം മദ്രസാ ഓഡിറ്റോറിയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആരോഗ്യജാഗ്രത കാംപെയിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. നിപ്പ പോലുള്ള മാരക രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ആശങ്കയുണ്ടാക്കുന്ന രോഗങ്ങളുടെ വ്യാപനം ഗൗരവ്വത്തോടെ കാണണം. നഗരങ്ങള്‍ പലതും മാലിന്യം നിറഞ്ഞതാണ്. ചില നാട്ടിന്‍ പ്രദേശങ്ങളിലും മാലിന്യപ്രശ്‌നങ്ങളുണ്ട്. അതിനാല്‍ എല്ലാവരും പരിസര ശുചിത്വം ഉറപ്പാക്കണമെന്നും ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആരോഗ്യജാഗ്രതാ കാര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ് മാതൃകാപ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബഷീര്‍ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു.അഹമ്മദ് വാഫി കക്കാട്,  ജില്ലാ പ്രസിഡന്റ് സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഉമറലി തങ്ങള്‍ മണ്ണാരക്കല്‍, റഷീദലി ശിഹാബ് തങ്ങള്‍,സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ: കുറുനിയന്‍ ഇസ്മാഈല്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള പ്രതിനിധി ഡോ: ജയകൃഷ്ണന്‍ ക്ലാസെടുത്തു. ആഷിക്ക് കുഴിപ്പുറം സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.എം റഫീഖ് അഹമ്മദ് നന്ദിയും പറഞ്ഞു.

ഫോട്ടോ— എസ്.കെ.എസ്.എസ്.എഫ് ആരോഗ്യ ജാഗ്രതാ കാംപെയിന്റെ സംസ്ഥാന തല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കുന്നു