ശാസ്ത്രീയ സംഘാടനത്തിലൂടെ ശ്രദ്ധേയമായി ‘വിവിസേ-18’

ഹിദായ നഗര്‍: സംഘാടന സജ്ജീകരണങ്ങളും സംവിധാനങ്ങളും കൊണ്ടു ശ്രദ്ധേയമായി എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് പാര്‍ലിമെന്റ്. വിജ്ഞാനം, വിനയം, സേവനം എന്ന സംഘടനയുടെ പ്രമേയത്തിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് ‘വിവിസേ-18’ എന്ന പേരിലാണ് ശ്രദ്ധേയമായ ക്യാംപ് നടക്കുന്നത്. യൂനിറ്റ് മുതല്‍ സംസ്ഥാന ഘടകം വരേയുള്ള സംഘടനാ ഭാരവാഹികളുടെ പരിശീലന പരിപാടി രജിസ്‌ട്രേഷന്‍ മുതല്‍ ക്യാംപ് സംവിധാനം വരെ കുറ്റമറ്റമതാക്കിയതാണ് പ്രശംസ പിടിച്ചുപറ്റാന്‍ കാരണം.
യൂനിറ്റ്, ക്ലസ്റ്റര്‍, മേഖലാ, ജില്ലാ തലത്തിലെ പുതിയ ഭാരവാഹികള്‍ക്ക് നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. രജിസ്റ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് ഇന്നലെ ക്യാംപ് സൈറ്റിലെ മെമ്പര്‍ഷിപ്പ് നമ്പര്‍ നല്‍കി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി ക്യാപ് ഹാളിലേക്ക് പ്രവേശന ടോക്കണ്‍ അനുവദിക്കുകയും ചെയ്തു. കൗണ്ടറില്‍ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ ക്യാംപ് സൈറ്റിലെത്തുന്ന പ്രതിനിധികളുടെ എണ്ണം അതത് സമയം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. ഇവര്‍ക്കാവശ്യമായ പന്തല്‍, ഇരിപ്പിടം എന്നിവയാണ് തയാറാക്കിയിരുന്നത്. രാവിലെ ഒന്‍പതിനു തുടങ്ങിയ ഓണ്‍ലൈന്‍ വെരിഫിക്കേഷനു പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ഒരുമണിക്കൂറിനകം 2900 പേരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. 11.30 വരെ പ്രവര്‍ത്തിച്ച കൗണ്ടറില്‍ മൂവായിരത്തിലേറെ പ്രതിനിധികളാണ് ഉദ്ഘാടന സെഷനു മുന്‍പെ എത്തിച്ചേര്‍ന്നത്. 10.30ഓടെ ദാറുല്‍ ഹുദാ പ്രധാന ഗ്രൗണ്ടിലെ പന്തല്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
മോഡല്‍ ലീഡര്‍, ഐഡിയോളജി, അജണ്ട, ഓര്‍ഗനൈസര്‍ ഇന്‍ പ്ലൂരാലിസ്റ്റിക് സൊസൈറ്റി, എന്‍ജോയ് യുവര്‍ വെഞ്ചര്‍, ഓഫിസ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലെ ക്ലാസുകളായിരുന്നു ലീഡേഴ്‌സ് പാര്‍ലമെന്റിലെ പ്രധാന പരിപാടി.