ക്യാമ്പസ് യാത്രക്ക് തുടക്കമായി

സര്‍വ്വകലാശാല അഡ്‌ഹോക്കിസം കേരളത്തെ പിന്നിലാക്കി : പ്രൊഫ (ഡോ) എം.എസ്. ജോണ്‍

ഉത്തര മേഖല

കാസര്‍ഗോഡ് : വിദ്യാഭ്യാസ രംഗത്തെ ദീര്‍ഘ വീക്ഷണമില്ലായ്മ, അധികാര പിടിവലികള്‍ക്ക് കാരണമായെന്നും, സര്‍വ്വകലാശാല അഡ്‌ഹോക്കിസം, കേരളത്തെ പിന്നിലാക്കി എന്നും കേരള സെന്റ്രല്‍ യൂണിവേഴ്‌സിറ്റി റിസേര്‍ച്ച് ഡയറക്ടര്‍ പ്രൊഫ (ഡോ) എം.എസ്. ജോണ്‍. ‘വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ഉത്തരമേഖല യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം കേവലം 4.7 ശതമാനം മാത്രമാണെന്നും, ദക്ഷിണേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ആനുകൂല്യം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഫലപ്രദമായി നടപ്പിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യാത്രാ ക്യാപ്റ്റന്‍ ഷബിന്‍ മുഹമ്മദ് പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ചു. യാത്രയുടെ ഭാഗമായി, എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഷെക്കൂര്‍, എം.ഐ.സി ആര്‍ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.പി. അജയകുമാര്‍ എന്നിവരുമായി നിലവിലെ വിദ്യാഭ്യാസ സംസ്‌കാരത്തെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കുകയും, സ്‌നേഹാദരം നല്‍കുകയും ചെയ്തു. മയക്കുമരുന്നുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്ന ഒപ്പു ഫയല്‍ , ജില്ലാ കോഡിനേറ്റര്‍ ജംഷീര്‍ പുത്തൂരില്‍ നിന്നും സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ അനീസ് സി.കെ ഏറ്റുവാങ്ങി. മെഡിറ്റേഷന്‍ ആന്റ് റിക്രിയേഷന്‍ സെന്ററിലേക്കുള്ള പ്രാര്‍ത്ഥന കിറ്റ് കൈമാറല്‍ സംസ്ഥാന സമിതി അംഗം സിറാജ് ഇരിങ്ങല്ലൂര്‍, ജില്ലാ ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ അന്‍വര്‍ ഷാഹിദിന് നല്‍കി. സെന്റ്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റ് ജേസുദാസ്, ക്യാമ്പസില്‍ ആരംഭിക്കാനിരിക്കുന്ന മെഡിറ്റേഷന്‍ സെന്റര്‍ പദ്ധതി വിശദീകരിച്ചു. ബദറുദ്ദീന്‍ മംഗലാപുരം, മുഹമ്മദലി ജൗഹര്‍ യാത്രക്ക് നേതൃത്വം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് ഉയര്‍ത്തുന്ന വിദ്യാഭ്യാസനയം സമൂഹത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് : രജിസ്റ്റാര്‍ ഡോ. ആര്‍. ജയചന്ദ്രന്‍

ദക്ഷിണ മേഖല

തിരുവനന്തപുരം : ‘വികല വിദ്യഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ദക്ഷിണ മേഖലാ ക്യാമ്പസ് യാത്രക്ക് തിരുവനന്തപുരത്ത് നിന്ന് തുടക്കമായി. യാത്രയുടെ ഭാഗമായി കേരള സര്‍വ്വകലാശാലയിലെത്തിയ ക്യാമ്പസ് വിംഗ് നേതാക്കള്‍ റജിസ്ട്രാര്‍ ഡോ: ആര്‍ ജയചന്ദ്രനെ സന്ദര്‍ശിച്ച്, വിദ്യഭ്യാസനയത്തിന്റെ കരടുരൂപം അവതരിപ്പിച്ചു. രാവിലെ ബീമാപ്പള്ളി സന്ദര്‍ശിച്ച സംഘം വൈകുന്നേരം തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ നടന്ന സ്വീകരണ യോഗത്തില്‍ സംബന്ധിച്ചു. യാത്രാ ക്യാപ്റ്റന്‍, ഇസ്ഹാഖ് ഹിളര്‍ പ്രമേയ പ്രഭാഷണ നടത്തി. സി.ഇ.ടി ക്യാമ്പസ് കണ്‍വീനര്‍ അമീനു റഹ്മാന്‍ ആധ്യക്ഷ്യം വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് തിരുവനന്തപുരം ജില്ലാ ജന.സെക്രട്ടറി അഡ്വ. ഹസീം മുഹമ്മദ്, സംസ്ഥാന കൗണ്‍സില്‍ അംഗം അബ്ദുല്‍ സലാം വേളി, വൈഷ്ണവ് അരവിന്ദ്, മുഹമ്മദ് അലി സംസാരിച്ചു. സി.ഇ.ടി ക്യാമ്പസ് ചെയര്‍മാന്‍ റഷീദ് സ്വാഗതവും മുഹമ്മദ് അര്‍ഷല്‍ നന്ദിയും പറഞ്ഞു. അറുനൂറിലധികം വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട ലഹരി കഞ്ചാവ്, മരുന്ന് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ചടങ്ങില്‍ കൈമാറി. സി.ഇ.ടിയിലേക്കും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മെഡിറ്റേഷന്‍ ആന്റ് റിക്രിയേഷന്‍ സെന്ററിലേക്കുള്ള പ്രാര്‍ത്ഥന കിറ്റ് നല്‍കി.