വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് യാത്ര

കോഴിക്കോട് : ‘വികല വിദ്യാഭ്യാസം വിചാരണ ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സമിതി ഉത്തര,ദക്ഷിണ മേഖലകളിലായി ജനുവരി 11 മുതല്‍ 19 വരെ ക്യാമ്പസ് യാത്ര സംഘടിപ്പിക്കുന്നു.സര്‍വ്വകലാശാല നയം നടപ്പിലാക്കുക, ക്യാമ്പസുകളില്‍ റീക്രിയേഷന്‍ സെന്റര്‍ സ്ഥാപിക്കുക, വര്‍ഗീയതീവ്രവാദ ആശയങ്ങള്‍ ഉന്മൂലനം ചെയ്യുക, കഞ്ചാവ്മയക്കുമരുന്നുകള്‍ നിരോധിക്കുക, പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതവും ആദരവും നിറഞ്ഞ കലാലയ സംസ്‌കൃതി ഒരുക്കുക, ബിരുദ മേഖലയിലെ ആണ്‍കുട്ടികളുടെ അസാന്നിധ്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി നടത്തുന്ന ക്യാമ്പസ് പര്യടനം ഇരു മേഖലകളിലായി, കാസര്‍ഗോഡ്, തിരുവനന്തപുരം ഭാഗത്ത് നിന്നാരംഭിച്ച് തൃശൂരില്‍ സമാപിക്കുന്ന വിധത്തിലാണ് ക്രമീകരിക്കുന്നത്.ജനുവരി 11 ന് കാസര്‍ഗോഡ് സെന്റ്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാരംഭിക്കുന്ന ഉത്തര മേഖല യാത്ര കണ്ണൂര്‍,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തി തൃശൂരില്‍ സമാപിക്കും.അന്നേ ദിവസം തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജില്‍ നിന്നാരംഭിക്കുന്ന ദക്ഷിണ മേഖല യാത്ര കൊല്ലം, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പര്യടനം നടത്തും.യാത്രയോടനുബന്ധിച്ച് ക്യാമ്പസ് സന്ദര്‍ശനത്തിന് പുറമേ നഗരഗ്രാമങ്ങളില്‍ ‘അക്കാദമിക് സ്ട്രീറ്റ്’ എന്ന പേരില്‍ വിവിധ വിദ്യാഭ്യാസസാംസ്‌കാരികരാഷ്ട്രീയ വിദഗ്ദരെ പങ്കെടുപ്പിച്ച് തെരുവ് ചര്‍ച്ച സംഘടിപ്പിക്കും. ക്യാമ്പസുകളില്‍ അധ്യാപകര്‍ക്ക് സ്‌നേഹാദരം അര്‍പ്പിക്കല്‍, മയക്കുമരുന്നുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്ന ഒപ്പ് ഫയല്‍, പെണ്‍കുട്ടികള്‍ക്ക് പ്രാര്‍ത്ഥനാ മുറികളിലേക്ക് കിറ്റ് നല്‍കല്‍, വിവിധ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളുമായി സൗഹൃദ ചര്‍ച്ച, എന്നിവ സംഘടിപ്പിക്കും.യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് വിംഗ് ചെയര്‍മാന്‍ ഇസ്ഹഖ് ഖിളര്‍ അധ്യക്ഷനായി. ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്, അസ്‌ലം തൃശൂര്‍, റിയാസ് വെളിമുക്ക്, ബദറുദ്ദീന്‍ മംഗലാപുരം, ജംഷീദ് രണ്ടത്താണി, അനീസ് സി.കെ, മാജിദ് ജി.ഇ.സി, ഫാരിസ് , സിറാജ് ഇരിങ്ങല്ലൂര്‍, ജാസിര്‍ പടിഞ്ഞാറ്റുമുറി, ഷഹരി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.