മതത്തെ ദുര്‍വ്യാഖ്യാനം ചെയ്തതിന്‍റെ പരിണിതഫലമാണ് സലഫികള്‍ ഇന്നനുഭവിക്കുന്നത് സത്താര്‍ പന്തല്ലൂര്‍ 

സമസ്തയുടെ പ്രവര്‍ത്തകരാരും തീവ്രവാദികളിലുള്‍പ്പെട്ടിട്ടില്ല.
മനാമ: മതത്തെ സ്വതന്ത്രമായി വ്യാഖ്യാനിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്തതിന്‍രെ പരിണിതഫലമാണ് സലഫികള്‍ എന്നറിയപ്പെടുന്ന വഹാബി പ്രസ്ഥാനം ഇന്നനുഭവിക്കുന്നതെന്നും പുതിയ സാഹചര്യത്തിലെങ്കിലും തെറ്റു തിരുത്തി മുസ്ലിം മുഖ്യധാരയിലേക്കവര്‍ തിരിച്ചു വരാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ബഹ്റൈനില്‍ അഭിപ്രായപ്പെട്ടു.
എസ് കെ എസ് എസ് എഫ് ഗ്ലോബല്‍ മീറ്റിന് നേതൃത്വം നല്‍കാന്‍ ബഹ്റൈനിലെത്തിയ അദ്ധേഹം സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സുപ്രഭാതത്തിനനുവദിച്ച അഭിമുഖത്തിലാണിപ്രകാരം അഭിപ്രായപ്പെട്ടത്.
വഹാബികളുടെ മത നവീകരണ ആശയങ്ങളെ ആദ്യകാലങ്ങളില്‍ തന്നെ സമസ്തയും പോഷക സംഘടനകളും തള്ളിക്കളയുകയും വിശ്വാസികളെ ബോധവത്കരിക്കുകയും ചെയ്തതാണ്. നബി (സ) 23 വര്‍ഷക്കാലം പ്രബോധനം ചെയ്തു പൂര്‍ത്തീകരിച്ച മതമാണ് ഇസ്ലാം. കൂടാതെ ഒരു മുസ്ലിം എങ്ങിനെ ജീവിക്കണമെന്ന് നബി(സ)യും അനുചരരും സ്വന്തം ജീവിതത്തിലൂടെ വരച്ചു കാണിച്ചു തന്നതുമാണ്. സച്ചരിതരുടെ ആ പാത പൂര്‍ണ്ണമായി അനുധാവനം ചെയ്യുകയും പ്രബോധനം ചെയ്യുകയുമാണ് സമസ്തയും പോഷക സംഘടനകളും എല്ലാ കാലവും ചെയ്തിട്ടുള്ളത്.
എന്നാല്‍ പാരന്പര്യത്തിന്‍രെ ഈ ഋജുവായ പാതവിട്ട് മത നവീകരണ വാദവുമായി രംഗത്തിറങ്ങിയ വഹാബി പ്രസ്ഥാനം സ്വന്തം കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് മതത്തെ  ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് ചെയ്തത്. അതു തന്നെയാണ് അവര്‍ ഇന്നനുഭവിക്കുന്ന എല്ലാ പ്രതിസന്ധികളുടെയും  തീവ്രവാദ പ്രവര്‍ത്തനങ്ങളുടെയും മുഖ്യ കാരണം. കാലക്രമേണ അവരില്‍ നിന്നും അല്‍പമെങ്കിലും അന്വേഷിക്കാനും പഠിക്കാനും തയ്യാറായവര്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നത് ആശ്വാസമാണ്. ജിന്നിന്‍രെ അസ്ഥിത്വം തന്നെ നിഷേധിച്ചിരുന്ന അവര്‍ പിന്നീട് ജിന്ന് എന്നൊരു വിഭാഗം ഉണ്ടെന്ന് അംഗീകരിക്കുക മാത്രമല്ല, അവയുടെ സഹായം സ്വീകരിക്കാന്‍ പറ്റുമോ പറ്റില്ലേ എന്ന് തര്‍ക്കിക്കുക കൂടി ചെയ്യുകയാണിപ്പോള്‍. കൊട്ടിഘോഷിക്കപപ്ട്ട ഐക്യത്തിനു ശേഷവും ഇക്കാര്യത്തില്‍ ഒരു തീരുമാനത്തിലെത്തിയിട്ടില്ല.
പൂര്‍വ്വീകരായ സച്ചരിതരെ തള്ളിപ്പറഞ്ഞ് മത ഗ്രന്ഥങ്ങളെ സ്വയം പഠിച്ചതിന്‍രെയും വ്യാഖ്യാനിച്ചതിന്‍റെയും തിക്ത ഫലമാണിത്.
പുതിയ സാഹചര്യത്തില്‍ ആരോപിക്കപ്പെടുന്ന സലഫി-തീവ്രവാദ ബന്ധങ്ങളും ഐ.എസ് പ്രവേശനവും ഇതിന്‍റെ ഭാഗമായി ഉടലെടുത്തതാണ്.
സത്യമാര്‍ഗം യഥാവിധി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത് ഭയ ഭക്തിയിലും ആത്മീയ ചിന്തകളിലും കഴിയുന്ന ഒരാളിലും തീവ്രവാദ ചിന്തകള്‍ ഉടലെടുക്കില്ല. എന്നാല്‍ ഇതെല്ലാം തടയപ്പെട്ട് മത സ്പിരിറ്റ് മാത്രം കുത്തിവെക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്നും തീവ്രവാദികളായില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും അദ്ധേഹം വിശദീകരിച്ചു.
അതേ സമയം, മുസ്ലിം സമുദായം ഒരു മിച്ചു നിന്ന് തീവ്രവാദത്തിനെതിരെയും  ഐ.എസിനെതിരെയും പ്രചരണം ശക്തമാക്കേണ്ട സാഹചര്യത്തിലും സലഫികളെ ഇപ്രകാരം ഒറ്റപ്പെടുത്തി ആക്ഷേപിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശരിയല്ലല്ലോ എന്ന ചോദ്യത്തിന് സലഫികളെ ആക്ഷേപിച്ചാലും ഇല്ലെങ്കിലും യാഥാര്‍ത്ഥ്യം അതല്ലാതാവില്ലല്ലോ എന്നായിരുന്നു അദ്ധേഹത്തിന്‍റെ മറുപടി.  മാത്രവുമല്ല, സലഫികളുടെ ഇത്തരം തീവ്രവാദ പ്രവണതകളെ തുടക്കത്തില്‍ തന്നെ മനസ്സിലാക്കിയവരും സമുദായത്തെ ബോധവത്കരിച്ചവരുമാണ് സമസ്തയുടെ പണ്ഢിതരെന്നും  ഇതുവരെയും സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഇത്തരം തീവ്രവാദ സംഘങ്ങളിലകപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എസ്. തീവ്രവാദം മാത്രമല്ല, സലഫിസത്തിന്റേയും ഫാസിസത്തിന്റേയും അപകടങ്ങള്‍ വിശദീകരിക്കാനും സമുദായത്തെ ബോധവത്കരിക്കാനും തങ്ങള്‍ നേരത്തെ തയ്യാറായതാണ്. ആ സമയത്ത് പൊതുഫ്ലാറ്റ് ഫോമിന്‍റെ പേരില്‍ സലഫിസത്തെ ഐ.എസുമായി ചേര്‍ക്കരുതെന്ന് വരെ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നു. ഇനിയെങ്കിലും വസ്തുത മനസ്സിലാക്കി വഹാബിസം ഉപേക്ഷിച്ച് അവര്‍ മുഖ്യധാരയിലേക്കു തിരിച്ചു വരികയാണു വേണ്തെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഗെയില്‍ വിരുദ്ധ സമരം നടക്കുന്നത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തായതിനാല്‍ സമുദായത്തെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള തന്ത്രമെന്ന നിലയിലാണു സമരമുഖത്ത് നിസ്‌കാരം ഉള്‍പ്പെടെയുള്ള  മത കാര്യങ്ങള്‍ ചിലര്‍ നടത്തുന്നതെന്നും അതിന്‍റെ ആവശ്യമില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.  ജനകീയ സമരങ്ങളെ മത തീവ്രവാദ സംഘടനകള്‍ ഹൈജാക്ക് ചെയ്യുന്ന ഇത്തരം ശ്രമങ്ങളെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
വിരലിലെണ്ണാവുന്നവര്‍ വലിയ കൊടികളുമായി വന്നു സമരത്തെ കൈയ്യടക്കുന്ന കാഴ്ചയാണു കാണുന്നത്. ജനങ്ങള്‍ക്കിടയില്‍ സാന്നിധ്യം അറിയിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ന്യായമായ ജനകീയ സമരങ്ങളെ പോലും തീവ്രവാദ സാന്നിധ്യങ്ങളുടെ പേരില്‍ അധിക്ഷേപിക്കപ്പെടാന്‍ ഇടയാക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.