കഞ്ചാവ് ആക്ടിവിസം, സര്‍ക്കാര്‍ ഇടപെടുക ക്യാംപസ് വിങ് ധര്‍ണ

6കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ക്യാംപസിലെ കഞ്ചാവ് വ്യാപനത്തിന് പിന്നിലെ സംഘടിതമാഫിയ ബന്ധം അന്വേഷിക്കണെമന്നും, ബലഹീനമായ സര്‍ക്കാര്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും ആവശ്യപ്പെട്ട് മാനാഞ്ചിറയില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധമിരമ്പി.

മാനവ സമര വേഷം ധരിക്കുന്ന ഓണ്‍ലൈന്‍ ആക്ടിവിസത്തിന്റെ മറവില്‍ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നു. വിപ്ലവ സംഘടനകള്‍ കഞ്ചാവ് ലോബിയുടെ ഏജന്റുകളായി അധഃപതിക്കുന്നുവെന്നും, സ്വതന്ത്രമായി നിയമ പാലനം നിര്‍വ്വഹിക്കാന്‍ പൊലീസിന് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നും ധര്‍ണ അഭിപ്രായപ്പെട്ടു. ക്യാംപസുകളിലെ കഞ്ചാവ് വ്യാപനത്തെ തടയാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും,കഞ്ചാവ് നിരോധനത്തില്‍ നിയമ നിര്‍മാണം ആവശ്യപ്പെട്ട് ക്യാംപസുകളില്‍ നവംബര്‍ 8 ന് ഒപ്പ് ശേഖരണം നടത്തുമെന്നും ക്യാംപസ് വിംഗ് അറിയിച്ചു.
പബ്ലിക് ലൈബ്രറിക്ക് സമീപം നടന്ന ധര്‍ണ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി.കുഞ്ഞിമൂസ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ക്യാംപസ് വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ റിയാസ് വെളിമുക്ക് അധ്യക്ഷനായി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, സുബൈര്‍ മാസ്റ്റര്‍, ഒ.പി.എം അഷ്‌റഫ്, ഷാദി ഷബീബ്, ജുനൈദ് മൂര്‍ക്കനാട്, ഖയ്യൂം കടമ്പോട്, ഷബിന്‍ മുഹമ്മദ്, ക്യാംപസ് വിംഗ് ചെയര്‍മാന്‍ ഇസ്ഹാഖ് ഖിളര്‍, സിറാജ് ഇരിങ്ങല്ലൂര്‍ എന്നിവര്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നടത്തി. ക്യാംപസ് വിംഗ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് റഈസ് പി.സി സ്വാഗതവും ട്രഷറര്‍ അനീസ് സി.കെ നന്ദിയും പറഞ്ഞു