തീവ്ര നിലപാടുകാരായ പ്രഭാഷകരെ കരുതിയിരിക്കുക: എസ് കെ എസ് എസ് എഫ്

കോഴിക്കോട്:ഇന്ത്യയിലെ വ്യവസ്ഥാപിത സംവിധാനങ്ങളെ വെല്ലുവിളിക്കാനും നിയമം കയ്യിലെടുക്കാനും ശ്രമിക്കുന്ന തീവ്രനിലപാടുകാരായ സംഘടനകളേയും അതിനെ ഏതെങ്കിലും നിലയില്‍ പിന്തുണക്കുന്നവരോടും ഒരര്‍ത്ഥത്തിലും യോജിക്കാന്‍ കഴിയില്ലെന്ന് കൊച്ചിന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം സമുദായത്തില്‍ തീവ്രനിലപാടുമായി കടന്നു വന്നവരെല്ലാം ഇവിടുത്തെ സൗഹൃദ പാരമ്പര്യത്തെ തകര്‍ക്കാനും മുസ് ലിംകളെ പൊതു സമൂഹത്തിന് മുമ്പില്‍ തെറ്റുദ്ധരിപ്പിക്കാനുമാണ് അവസരമുണ്ടാക്കിയത് യോഗം ചൂണ്ടിക്കാട്ടി.മുസ് ലിംകളുള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഫാഷിസ്റ്റ് ഭരണകൂടം അക്രമങ്ങളും കുപ്രചാരണവും നടത്തുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനെ വ്യവസ്ഥാപിതമായി പ്രതിരോധിക്കാനുള്ള മാര്‍ഗമാണ് അവലംബിക്കേണ്ടത് . ഫാഷിസ്റ്റ് കടന്ന് കയറ്റത്തിനെതിരെ മുസ് ലിംകളേക്കാള്‍ മുന്നില്‍ നില്‍ക്കുന്ന മറ്റു മതേതര വിശ്വാസികളെ വിശ്വാസത്തിലെടുത്തു കൊണ്ടാണ് പ്രതിരോധം സൃഷ്ടിക്കേണ്ടത്. കൊലക്ക് പകരം കൊല നടത്തിയും എതിരാളികളുടെ കൈ വെട്ടിയും ഹൈക്കോടതിയിലേക്ക് പോലും അക്രമണോത്സുകരായി മാര്‍ച്ച് നടത്തിയും പ്രതിരോധിക്കുന്നത് ഇസ് ലാമിക നിയമമോ ഇന്ത്യന്‍ നിയമമോ അനുവദിക്കുന്നതല്ല. ഇത്തരം നിലപാടുകളുമായി എന്‍ ഡി എഫ് കടന്നു വന്നപ്പോള്‍ തന്നെ സമസ്തയും കേരളത്തിലെ എല്ലാ മുസ് ലിം സംഘടകളും അതിന്റെ അപകടങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ഇപ്പോള്‍ ദക്ഷിണ കേരളത്തില്‍ ഇമാംസ് കൗണ്‍സില്‍ എന്ന പേരിലും മലബാറില്‍ ചില പ്രഭാഷകരുടെ മറവിലും സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തി കൊണ്ടിരിക്കുകയാണ്. സമുദായത്തിലെ ചെറുപ്പക്കാരെ അത്യാപത്തിലേക്ക് നയിക്കുന്ന ഇത്തരം നീക്കങ്ങള്‍ മുസ് ലിം പൊതു സമൂഹം തിരിച്ചറിയണം. ഇവരുമായി പ്രത്യക്ഷമായോ പരോക്ഷമായോ സഹകരിക്കുന്ന മതപ്രഭാഷകര്‍ക്ക് വേദിയൊരുക്കുന്നത് മഹല്ല് സ്ഥാപന നേതൃത്വം കരുതിയിരിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. മുഹമ്മദ് ഫൈസി ഓണമ്പിള്ളി,ഹബീബ് ഫൈസി കോട്ടോപാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, കെ എന്‍ എസ് മൗലവി, ഡോ സുബൈര്‍ ഹുദവി ചേകന്നൂര്‍,സയ്യിദ് അബ്ദുല്ലതങ്ങള്‍ ആലപ്പുഴ, ബഷീര്‍ ഫൈസി ദേശമംഗലം, സുഹൈബ് നിസാമി നീലഗിരി, ടി പി സുബൈര്‍ മാസ്റ്റര്‍, ഡോ.ജാബിര്‍ ഹുദവി, കെ എം ആസിഫ് ദാരിമി പുളിക്കല്‍, ആശിഖ് കുഴിപ്പൂറം, താജുദ്ദീന്‍ ദാരിമി പടന്ന, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സംസാരിച്ചു,ജന.സെക്രട്ടറി സത്താര്‍ പന്തലുര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.