വിദ്വേഷ പ്രചാരകര്‍ക്കു താക്കീതായി നാടെങ്ങും എസ് കെ എസ് എസ് എഫ് ഫ്രീഡം സ്‌ക്വയര്‍

കോഴിക്കോട്: സ്വാതന്ത്രദിനത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകര്‍ക്കെതിരെ ശക്തമായ താക്കീത് നല്‍കി എസ് കെ എസ് എസ് എഫ് മേഖല കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തെ ഓര്‍മിപ്പിക്കും വിധം ഹിന്ദു മുസ് ലിം സമുദായത്തിനിടയില്‍ ഭിന്നിപ്പ് വിതക്കാന്‍ ഭരണകൂട പിന്തുണയോടെ നടക്കുന്ന നീക്കങ്ങളെ സൗഹൃദ കൂട്ടായ്മയിലൂടെ ചെറുത്തു തോല്‍പ്പിക്കണമെന്ന് ഫ്രീഡം സ്‌ക്വയര്‍ ആഹ്വാനം ചെയ്തു. ഫാഷിസം ഭീതി പടര്‍ത്തുമ്പോള്‍ അതിന് ആക്കം കൂട്ടുന്നതിന് പകരം മതേതര ചേരിയില്‍ സംഭവിക്കുന്ന ശൈഥില്യമാണ് അടിയന്തിരമായി പരിഹരിക്കേണ്ടത്.

ജനാധിപത്യം ദുര്‍ബലപ്പെടുത്താനുള്ള മോദി സര്‍ക്കാറിന്റെ നീക്കമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി . ഇത് ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. എല്ലാ വിഭാഗം ജനങ്ങളും രാജ്യ നന്മക്ക് വേണ്ടി കാവലിരിക്കേണ്ട സന്ദര്‍ഭമാണിതെന്ന് ഫ്രീഡം സ്‌ക്വയറില്‍ ഉയര്‍ന്ന് കേട്ട മുദ്രാവാക്യങ്ങള്‍ ഓര്‍മിപ്പിച്ചു. കേരളത്തില്‍ നൂറ്റി എഴുപത് കേന്ദ്രങ്ങളിലും കര്‍ണാടകയില്‍ പതിനേഴ് കേന്ദ്രങ്ങളിലും പരിപാടികള്‍ നടന്നു. പ്രകടനത്തിന് ശേഷം നടന്ന ഫ്രീഡം സ്‌ക്വയറില്‍ വിവിധ സമുദായ പ്രതിനിധികളുടെ സാന്നിധ്യം ശ്രദ്ദേയമായിരുന്നു. ഒരുമയോടെ വസിക്കാം സൗഹൃദം കാക്കാം എന്ന ദേശീയോദ്ഗ്രഥന പ്രചാരണത്തിന്റെ ഭാഗമായാണ് സ്വാതന്ത്ര്യ ദിനത്തില്‍ എസ് കെ എസ് എസ് എഫ് ഫ്രീഡം സ്‌ക്വയര്‍ സംഘടിപ്പിച്ചത്.