എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച്; ജില്ലാ തല സമര സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കം

കോഴിക്കോട്: ഫാഷിസത്തിന് മാപ്പില്ല; നീതിനിഷേധം നടപ്പില്ല എന്ന മുദ്രവാക്യവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ജൂണ്‍ 12 ന് തിങ്കളാഴ്ച കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് സംഘടിപ്പിക്കുന്ന മാര്‍ച്ചിന്റെ പ്രചാരണങ്ങള്‍ക്ക് ജില്ലാ തലങ്ങളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ഇന്ന് മുതല്‍ ജില്ലാ തലങ്ങളില്‍ നടക്കുന്ന സമര സംഗമങ്ങളില്‍ ഓരോ ശാഖയില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രചരണങ്ങള്‍ക്ക് തുടക്കമാവും.
കേന്ദ്ര സര്‍ക്കാറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും ഫാഷിസ്റ്റുവല്‍കരണ അജണ്ടകള്‍ക്കെതിരായി നടത്തുന്ന ശക്തമായ പ്രക്ഷോഭത്തിനാണ് എയര്‍പോര്‍ട്ട് മാര്‍ച്ചോടെ തുടക്കമാവുന്നത്. അധിനിവേശ ഭരണകൂടങ്ങളുടെ ചെയ്തികളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ഭിന്നിപ്പിക്കലിന്റെയും പരസ്പ വിദ്വേഷം വളര്‍ത്തുന്നതിന് വേണ്ടി രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് സംജാതമായിരിക്കുന്നത്. ഇത്തരം ഗൂഢാലോചനകളെ തുറന്ന് കാണിക്കുന്ന വ്യത്യസ്ഥ പ്രചാരണ പരിപാടികള്‍ പ്രക്ഷോഭത്തിന്റെ മുന്നോടിയായി സംഘടന ആസൂത്രണം ചെയ്യുന്നുണ്ട്. കാസര്‍കോഡ് ജില്ല സംഗമം 6 ന് വൈകുന്നേരം 4 മണിക്ക് പുതിയ ബസ്റ്റാന്റിന് സമീപം, കണ്ണൂര്‍ ജില്ല സംഗമം ഇന്ന് (ശനി) രാവിലെ 11 മണിക്ക് കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, വയനാട് ജില്ല സംഗമം ജൂണ്‍ 6 ന് വൈകുന്നേരം 4 മണിക്ക് കല്‍പറ്റ സമസ്ത ഓഫീസ്, കോഴിക്കോട് ജില്ല സംഗമം ഇന്ന് വൈകുന്നേരം 3 മണിക്ക് സുപ്രഭാതം ഓഡിറ്റോറിയം, മലപ്പുറം ജില്ല സംഗമം 4 ന് ഉച്ചക്ക് 1 മണിക്ക് സുന്നിമഹല്‍ ഓഡിറ്റോറിയം മലപ്പുറം, പാലക്കാട് ജില്ല സംഗമം 4 ന് ഉച്ചക്ക് 1.30 ന് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ കിനാതിയില്‍ ഗ്രൗണ്ട്, തൃശ്ശൂര്‍ 8 ന് ഉച്ചക്ക് 1 മണിക്ക് എം.ഐ.സി, ആലപ്പുഴ 4 ന് രാവിലെ 10 മണിക്ക് നീര്‍ക്കുന്നം ഇസ്‌ലാമിക് സെന്റര്‍, എറണാംകുളം 7 ന് ഉച്ചക്ക് 2 മണിക്ക് കങ്ങരപ്പടി ഇസ്‌ലാമിക് സെന്റര്‍ എന്നിവിടങ്ങളില്‍ നടക്കും.
എയര്‍പോര്‍ട്ട് മാര്‍ച്ച് വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.