സഹചാരി ഫണ്ട് ശേഖരണം ജൂണ്‍ രണ്ടിന്

കോഴിക്കോട്: നിര്‍ധന രോഗികള്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടി കഴിഞ്ഞ പത്ത് വര്‍ഷമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹചാരി റലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം റമളാന്‍ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍ രണ്ടിന് നടക്കും. സംസ്ഥാനത്തെ എല്ലാ ജുമുഅത്ത് പള്ളികളില്‍നിന്നുമായി ശേഖരിക്കുന്ന തുക നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായത്തിനാണ് നല്‍കിവരുന്നത്. കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം, ഡയാലിസിസ് ചെയ്യുന്നതിനുള്ള ധന സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്കുള്ള മാസാന്ത ധനസഹായം, ആശുപത്രികള്‍ കേന്ദ്രീകരിച്ച് മരുന്ന് വിതരണം തുടങ്ങിയവയാണ് ഇപ്പോള്‍ സഹചാരി റലീഫ് സെല്ലില്‍ നിന്നും നല്‍കി വരുന്ന സഹായങ്ങള്‍. ജൂണ്‍ രണ്ടിന് വെള്ളിയാഴ്ച മഹല്ല് തലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഫണ്ട് മൂന്നിന് ജില്ലാ കേന്ദ്രങ്ങളിലും നാലിന് സംസ്ഥാന ഓഫീസായ കോഴിക്കോട് ഇസ്‌ലാമിക് സെന്ററിലും സ്വീകരിക്കും. സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ മേഖലാ ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രചരണങ്ങളും ലഘുലേഖാ വിതരണങ്ങളും നടക്കും. വെള്ളിയാഴ്ച പള്ളികളില്‍ ഖതീബുമാരുടെ ഉദ്‌ബോധനം നടക്കും. കഴിഞ്ഞ വര്‍ഷത്തെ ഫണ്ട് ശേഖരണത്തിലൂടെ എണ്‍പത് ലക്ഷം രൂപയോളം സമാഹരിക്കുകയും അത് അര്‍ഹരായ രോഗികള്‍ക്ക് ഇതിനകം എത്തിച്ചുനല്‍കുകയും ചെയ്തു. ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ സംഘടനാ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Categories: News

About Author