താനൂരില്‍ എസ്.കെ.എസ്.എഫ് വിദ്യാഭ്യാസ പദ്ധതിക്ക് വന്‍ ഒരുക്കം


DSC_0366
മലപ്പുറം: സംഘര്‍ഷഭൂമിയില്‍ ശാശ്വതപരിഹാരം തേടി പുതുതലമുറയെ വിദ്യാഭ്യാസ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവിഷ്‌കരിച്ച താനൂര്‍ വിദ്യാഭ്യാസ പദ്ധതിക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു. തീരദേശത്തെ പതിമൂന്ന് മഹല്ലുകളില്‍ നിന്ന് പത്തിനും പതിനേഴും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ കൗണ്‍സിലിംഗ് ക്യാമ്പില്‍ മൂന്നൂറോളം വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. വിദ്യാര്‍ത്ഥികളുടെ അഭിരുചി നിര്‍ണയിച്ച് സംസ്ഥാനത്തെ വിവിധ മതഭൗതിക സ്ഥാപനങ്ങളുമായി സഹകരിച്ച് സൗജന്യ പഠനവും മികച്ച പരിശീലനവും ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മെയ് അവസാന വാരത്തോടെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ അക്കാദമിക വിഭാഗം പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കും. താനൂര്‍ എച്ച്. എസ്. എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗ് ക്യാമ്പ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം മരക്കാര്‍ മുസ്‌ലിയാര്‍ വാണിയന്നൂര്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ പദ്ധതി വിശദീകരിച്ചു. ബശീര്‍ ഫൈസി ദേശമംഗലം, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം പ്രിന്‍സിപ്പാള്‍ അബ്ദുസ്സമദ് ഫൈസി, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, നൂഹ് കരിങ്കപ്പാറ, ആശിഖ് കുഴിപ്പുറം പ്രസംഗിച്ചു. പി.എം സ്വാദിഖ് ഫൈസി താനൂര്‍ സ്വാഗതവും ബാസിത് ഹുദവി ചെമ്പ്ര നന്ദിയും പറഞ്ഞു. ഡോ. ടി അബ്ദുല്‍ മജീദ്, ശംസുദ്ദീന്‍ ഒഴുകൂര്‍, സി.ടി അബ്ദുല്‍ ജലീല്‍, പ്രൊഫ ഖമറുദ്ദീന്‍ പരപ്പില്‍ എന്നിവര്‍ കൗണ്‍സില്‍ ക്യാമ്പിന് നേതൃത്വം നല്‍കി.