താനൂര്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത് പോലീസ്- എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: താനൂരും പരിസര തീര പ്രദേശങ്ങളിലും നടന്നുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ട് കിലോമീറ്ററോളം നീളം വരുന്ന ചാപ്പപ്പടി, ഒട്ടുംപുറം പ്രദേശത്ത് വാഹനങ്ങളും വീടുകളും തകര്‍ക്കാനും വീട്ടുപകരണങ്ങളും തൊഴിലുപകരണങ്ങളും തകര്‍ക്കാനും നേതൃത്വം നല്‍കിയവര്‍ പോലീസാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള പോലീസ് ഭീകരതക്ക് സമാനണിത്.
അര്‍ധരാത്രിയില്‍ കൈകുഞ്ഞുങ്ങളുമായി സ്ത്രീകളും വൃദ്ധരും പലായനം ചെയ്യപ്പെടേണ്ട അവസ്ഥ വന്നത് പോലീസിന്റെ അതിക്രമങ്ങള്‍ കൊണ്ട് മാത്രമായിരുന്നു. ഒരേ സമുദായത്തില്‍ പെട്ടവരെ തമ്മിലടിപ്പിച്ച് സാമൂഹികമായി തകര്‍ക്കാമെന്ന ഗൂഢ പദ്ധതിയും ഇതിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വീടും മറ്റും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാനും സമാധാനപരമായ പുനരധിവാസം ഉറപ്പ് വരുത്താനും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. കുറേ കാലമായി താനൂരിലേയും തിരൂരിലേയും തീരദേശ മേഖലയില്‍ നടന്നുവരുന്ന സംഘര്‍ഷങ്ങളുടെ മറവില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സംരക്ഷണത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. ഇരുപക്ഷവും അവരെ തള്ളിപ്പറയാനും പ്രശ്‌നക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കൂട്ടമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനാവശ്യമായ രാഷ്ട്രീയ പക്വത കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുമ്പോള്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാമാവൂ യോഗം അഭിപ്രായപ്പെട്ടു.
അബ്ദുറഹീം ചുഴലി, ഹബീബ് ഫൈസി കോട്ടോപ്പാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, കെ.എന്‍.എസ് മൗലവി, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, പി.എം റഫീഖ് അഹമ്മദ്, അബ്ദുസ്സലാം ദാരിമി, വി.കെ.എച്ച് റശീദ്, സയ്യിദ് അബ്ദുല്ല തങ്ങള്‍, കുഞ്ഞാലന്‍കുട്ടി ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം, മുജീബ് ഫൈസി പൂലോട്, നവാസ് അഷ്‌റഫി പാനൂര്‍, ടി.പി സുബൈര്‍, ജാബിര്‍ ഹുദവി, ആസിഫ് ദാരിമി, ശഹീര്‍ വി.എ, ആശിഖ് കുഴിപ്പുറം, അബ്ദുല്ലതീഫ് പിന്നിയൂര്‍, ആരിഫ് ഫൈസി, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ സംസാരിച്ചു. സത്താര്‍ പന്തലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.