എസ്.കെ.എസ്.എസ്.എഫ് ട്രന്റ് സമ്മര്‍ ഗൈഡ് പദ്ധതിക്ക് അന്തിമരൂപമായി

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫിന്റെ വിദ്യാഭ്യാസ വിഭാഗമായ ട്രന്റ് അവധിക്കാലത്ത് നടത്തിവരുന്ന സമ്മര്‍ ഗൈഡ് കാമ്പയിന്‍ ഈ വര്‍ഷം വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടി നടത്താനുള്ള പദ്ധതിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന സംസ്ഥാന പരിശീലകരുടെ ശില്‍പശാലയില്‍ അന്തിമരൂപം നല്‍കി. ഏപ്രില്‍ മെയ് മാസങ്ങളിലാണ് സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കുന്നത്. കുരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ആനന്ദവും പകര്‍ന്ന് നല്‍കിക്കൊണ്ട് യൂണിറ്റ് തലങ്ങളില്‍ ആയിരം കുരുന്നുകൂട്ടങ്ങള്‍, കൗമാരത്തിന്റെ കരുത്തും ശേഷിയും തിരിച്ചറിയാന്‍ സഹായകമാകും വിധം മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കായി ക്ലസ്റ്റര്‍ തലങ്ങളില്‍ ടീന്‍സ് ടീം പ്രോഗ്രാമുകള്‍ ഉന്നത പഠന മേഖലകളില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കാനായി പ്ലസ്റ്റു കഴിഞ്ഞവര്‍ക്കായി മേഖലാ തലങ്ങളില്‍ 100 എക്‌സലന്‍ഷ്യാ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍, ധാര്‍മിക ബോധവും വ്യക്തിത്വ വികാസവും ലക്ഷ്യമിട്ട് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മര്‍സ്‌കൂള്‍ പഠന ക്യാമ്പുകള്‍ തുടങ്ങിയവയാണ് പദ്ധതികാലയളവില്‍ പ്രധാനമായും നടക്കുക. ജില്ലാതല ആര്‍.പി പരിശീലനം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകും. സമ്മര്‍ ഗൈഡ് സംസ്ഥാന തല ഉദ്ഘാടനം ഏപ്രില്‍ 1 ശനി മലപ്പുറത്ത് വെച്ച് നടക്കും. സംസ്ഥാന ശില്‍പശാലയില്‍ റിയാസ് നരിക്കുനി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിക്ക് ഡോ. മജീദ് കൊടക്കാട്, ജാബിര്‍ കണ്ണൂര്‍, റശീദ് കോടിയൂറ, റശീദ് കംബ്ലക്കാട് നേതൃത്വം നല്‍കി. ഷംസാദ് സലീം പുവ്വത്താണി സ്വാഗതവും ഖമറുദ്ദീന്‍ പരപ്പില്‍ നന്ദിയും പറഞ്ഞു.