ഏക സിവിൽ കോഡ് രാജ്യത്തിന്റെ സ്വത്വം നശിപ്പിക്കും – എസ്കെഎസ്എസ്എഫ്.

കാക്കനാട്: വൈവിധ്യങ്ങളിലെ ഏകതയാണ് ഇന്ത്യ എന്ന രാജ്യത്തിന് ലോകാംഗീകാരം നേടിക്കൊടുത്തതെന്നും, വിവിധ ജാതി, മത, വർഗ്ഗങ്ങൾ അവരുടേതായ വിശ്വാസ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോഴും രാജ്യത്തിന്റെ സൗഹൃദ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബന്ധരാവുന്നതാണ് ഈ നന്മക്ക് കാരണമെന്നും എസ്കെഎസ്എസ്എഫ് ജില്ലാ ഇന്റർ കോൺ അംഗീകരിച്ച പ്രമേയം പറയുന്നു.

വിവിധ വിശ്വാസങ്ങളും ആചാരങ്ങളും നിർവ്വഹിക്കപ്പെടുന്ന മനസ്സിൽ നിന്ന് ഏകതയുടെ ചിന്തകൾ വരുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും സമ്പത്ത്. ഈ പൈതൃകവും നന്മയും ലോകാംഗീകാരവും ഏക സിവിൽ കോഡ് പിന്തുടരുന്ന ഒരു രാജ്യത്തിന് അവകാശപ്പെടാൻ അർഹതയില്ലാത്ത വിധം ഒട്ടനവധി ഉദാഹരണങ്ങൾ ലോകത്ത് നിലനിൽക്കുന്നുണ്ട്. രാജ്യത്തിന്റെ സ്വത്വവും സംസ്കാരവും നശിപ്പിക്കാനാണ്  ഏകസിവിൽ കോഡ് വാദികൾ ആഗ്രഹിക്കുന്നതെന്നും അത് രാജ്യം മുഴുവൻ ഒറ്റക്കെട്ടായി ചെറുക്കണമെന്നും എസ്കെഎസ്എസ്എഫ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുടിക്കൽ അൽ-മുബാറക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച എസ്കെഎസ്എസ്എഫ് ജില്ലാ ഇന്റർകോണിനു ജില്ലാ ട്രഷറർ മുഹമ്മദ് റാഫി പതാകയുയർത്തി തുടക്കം കുറിച്ചു. ക്യാമ്പ് അമീർ അബ്ദുൾ ഖാദർ ഹുദവി അധ്യക്ഷത വഹിച്ചു. എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുൾറസ്സാഖ് പുതുപൊന്നാനി, റഷീദ് മാസ്റ്റർ കംബ്ലക്കാട് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സമാപന നേതൃസംഗമത്തിൽ സമസ്ത ജില്ലാ ട്രഷറർ ഷംസുദ്ദീൻ ഫൈസി അധ്യക്ഷത വഹിച്ചു. ജംഇയത്തുൽ മുഹല്ലിമിൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.എം ഫൈസൽ ആമുഖ പ്രഭാഷണവും, വൈസ് പ്രസിഡന്റ് സൈനുദ്ദീൻ വാഫി സ്നേഹതണൽ പ്രവർത്തകന് ഒരു കൈത്താങ്ങ് പദ്ധതിയുടെ പ്രോജക്റ്റും അവതരിപ്പിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എൻ.കെ മുഹമ്മദ് ഫൈസി, എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഫൽ കൂട്ടമശ്ശേരി, എംഎംഎ ജില്ലാ പ്രസിഡന്റ് ടി.എ ബഷീർ, എസ്ബിവി ജില്ലാ പ്രസിഡന്റ് അനസ് വാഫി, മഹല്ല് പ്രസിഡന്റ് അബ്ദുൾ അസീസ്, അൽ മുബാറക്ക് സ്കൂൾ മാനേജർ നാസർ മറ്റപ്പിള്ളി, കെ.എം ബഷീർ ഫൈസി, സിയാദ് ചെമ്പറക്കി, കെ.കെ.അബ്ദുള്ള,  ഉമർ ദാരിമി, ബാബു ചാലയിൽ, സി.എ മുനീർ, സിദ്ദീഖ് ചിറപ്പാട്ട്, ജിയാദ് നെട്ടൂർ, സിദ്ദീഖ് കുഴിവേലിപ്പടി തുടങ്ങിയവർ സംസാരിച്ചു.