ബഹുസ്വരതക്കെതിരായ ആശയ പ്രചാരണങ്ങളെ ചെറുക്കും: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: ബഹുസ്വര സമൂഹത്തില്‍ മതവിശ്വാസം നിലനിര്‍ത്തി കൊണ്ട് തന്നെ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്ന പാരമ്പര്യ ഇസ്‌ലാമിക തത്വങ്ങള്‍ക്ക് വിരുദ്ധമായി നടന്നു വരുന്ന അപകടകരമായ ആശയ പ്രചാരണങ്ങളെ ചെറുക്കുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം പ്രസ്ഥാവിച്ചു. മതത്തിന്റെ പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന രീതിക്ക് തുടക്കം കുറിച്ചവരും രാഷ്ട്രീയ ഇസ്‌ലാമിന് പുതിയ വഴിതുറന്നവരുമാണ് മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സ്വാലിഹ് ഫൗസാന്‍, ഇബ്‌നു ബാസ് തുടങ്ങിയവരുടെ ഫത്‌വകള്‍ സ്ഥലകാല സാഹചര്യങ്ങള്‍ പരിഗണിക്കാതെ ദുരുപയോഗം ചെയ്യുന്നതിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ മുജാഹിദ് സംഘടനകള്‍ തയ്യാറാവണം. സംഘടനാ വിരോധം തീര്‍ക്കാന്‍ പരസ്പരം ആരോപണങ്ങളുന്നയിക്കുന്നതിന് പകരം ഇവരോടുള്ള നിലപാട് പ്രഖ്യാപിക്കാന്‍ മുജാഹിദ് വിഭാഗങ്ങള്‍ ആര്‍ജവം കാണിക്കണം.
വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും സഹോദര സമുദായങ്ങള്‍ക്കിടയില്‍ സംശയം വളര്‍ത്തുകയും ചെയ്യുന്ന ഇത്തരക്കാര്‍ പുതു തലമുറയിലെ വിദ്യാസമ്പന്നരെയാണ് ഉന്നം വെക്കുന്നത്. മതപഠനത്തിന് വ്യവസ്ഥാപിത സംവിധാനങ്ങള്‍ തന്നെയാണ് ഉപയോഗപ്പെടുത്തുന്ന തെന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉറപ്പ് വരുത്തണം യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഹബീബ് ഫൈസി കോട്ടോപാടം, ഇബ്രാഹീം ഫൈസി ജെഡിയാര്‍, മുസ്തഫ അശ്‌റഫി കുക്കപടി, കെ എന്‍ എസ് മൗലവി, പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട്, പി എം റഫീഖ് അഹമ്മദ് തിരൂര്‍, അബ്ദുല്‍ സലാം ദരിമി കിണവക്കല്‍, വി കെ ഹാറൂണ്‍ റശീദ് തിരുന്നാവാഴ, സയ്യിദ് അബ്ദുള്ള തങ്ങള്‍ ആലപ്പുഴ, കുഞ്ഞാലന്‍ കുട്ടി ഫൈസി കോഴിക്കോട്, അഹ്മ്മദ് ഫൈസി കക്കാട്, നവാസ് അശ്‌റഫി പാനൂര്‍, ശുഹൈബ് നിസാമി നീലഗിരി, ടി പി സുബൈര്‍കുറ്റിക്കാട്ടൂര്‍, ഡോ.ജാബിര്‍ ഹുദവി, കെഎം ആസിഫ് ദാരിമി പുളിക്കല്‍, ശഹീര്‍ വി പി പാപ്പിനിശ്ശേരി, ആശിഖ് കുഴിപ്പുറം, ഇസ്ഹാഖ് ഫൈസി മംഗലാപുരം, ഗഫൂര്‍ അന്‍വരി മുതൂര്‍, അബ്ദുല്‍ ലത്തീഫ് പന്നിയൂര്‍, ആരിഫ് ഫൈസി കൊടഗ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും,റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.

Categories: News

About Author