അക്രമികളെ പിടിച്ചുകെട്ടണം എസ്.കെ.എസ്.എസ്.എഫ്

കോഴിക്കോട്: രാഷ്ട്രീയ വിരോധത്തിന്റെയും മത സ്ഥാപന കയ്യേറ്റങ്ങളുടെയും മറവില്‍ കൊലപാതകവും അക്രമങ്ങളും നടത്തുന്നവരെ പിടിച്ചുകെട്ടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടേയും ജില്ലാ പ്രസിഡണ്ട് ജനറല്‍ സെക്രട്ടറിമാരുടെയും യോഗം ആവശ്യപ്പെട്ടു. സമുദായ സംരക്ഷണത്തിന്റെ പേരില്‍ തീവ്രവാദ ആശയം പ്രചരിപ്പിച്ച് രാഷ്ട്രീയ മുഖമൂടി അണിഞ്ഞവരും സുന്നീ ടൈഗര്‍ ഫോഴ്‌സുമായി വന്നവരും ഭിന്നിപ്പിക്കലിന്റെയും അക്രമത്തിന്റെയും അജണ്ടകളോടെയാണ് പ്രവര്‍ത്തിക്കുന്നത്. പൊതുരംഗത്ത് സര്‍വ്വര്‍ക്കും സ്വീകാര്യനായ വേളത്തെ നാസിറുദ്ധീനെ കൊലക്കത്തിക്ക് ഇരയാക്കിയ എസ്.ഡി.പി.ഐ നടപടി അവരുടെ രാഷ്ട്രീയ തീവ്രവാദത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. ഇന്നലെ ആയുധധാരികളായ കാന്തപുരം സുന്നീ അക്രമികള്‍ കരിപ്പൂരിലെ പള്ളി കയ്യേറിയ നടപടിയും സര്‍ക്കാര്‍ ഗൗരവമായി കാണണം. മുടിക്കോട് കാന്തപുരം വിഭാഗം അക്രമികള്‍ക്ക് ആയുധങ്ങള്‍ നിര്‍മിച്ചു കൊടുത്തതിന്റെ പിന്നിലെ ഫാഷിസ്റ്റ് ബന്ധം അന്വേഷിക്കണം. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടിയെടുക്കാനും പൊതു പ്രവര്‍ത്തകര്‍ക്കും മതസ്ഥാപന പരിപാലനത്തിനും സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡണ്ട് അബ്ദുറഹീം മാസ്റ്റര്‍ ചുഴലി അദ്ധ്യക്ഷത വഹിച്ചു. എസ്.കെ.ഐ.സി ദേശീയ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സ്വാഗതവും റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.