എസ് കെ എസ് എസ് എഫ് ഭാരതീയം ചരിത്ര സ്മൃതി യാത്ര ആഗസ്റ്റ് 9 മുതല്‍

എസ് കെ എസ് എസ് എഫ് ഭാരതീയം ചരിത്ര സ്മൃതി യാത്ര ആഗസ്റ്റ് 9 മുതല്‍

തൃശൂര്‍: ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയോദ്ഗ്രഥന സന്ദേശവുമായി എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ‘ഭാരതീയം’ എന്ന പേരില്‍ ആഗസ്റ്റ് 9 മുതല്‍ 14 വരെ ചരിത്ര സ്മൃതി യാത്ര നടത്താന്‍ തീരുമാനിച്ചു.രാജ്യത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതിനും സ്‌കൂള്‍ പാഠപുസ്തകങ്ങളിലും മറ്റും ചരിത്രം വളച്ചൊടിക്കുന്നതിനുമുള്ള സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികളുടെ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിനും ബഹുസ്വരതയുടെയും പരസ്പര സഹവര്‍തിത്വത്തിന്റെയും ശരിയായ പാരമ്പര്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് ഭാരതീയം സംഘടിപ്പിക്കുന്നത്.

കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും മറ്റു ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരെയും പീഢനങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിയിരിക്കുകയാണ്. ഭരണഘടന അനുശാസിക്കുന്ന മൗലിക തത്വങ്ങളെ മാറ്റിയെഴുതാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നുവരുന്നത്. ഏകസിവില്‍ കോഡിനു വേണ്ടിയുള്ള മുറവിളി ഇതിന്റെ ഭാഗമായി കാണണം. ഭക്ഷണം തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ മൗലിക അവകാശം പോലും ഫാസിസ്റ്റുകള്‍ തീരുമാനിക്കുമ്പോള്‍ അതിനെതിരെ ശബ്ദിക്കേണ്ടത് ഒരോ പൗരന്റെയും കടമയായിത്തീരുന്നു. അതേ സമയം ഈ സാഹചര്യം മുതലെടുത്ത് തീവ്രവാദവും ഭീകരവാദവും വളര്‍ത്താനുള്ള ശ്രമവും നടന്നു വരുന്നു. ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പും മാനവ സ്‌നേഹവും, സൗഹാര്‍ദവും, ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനുമാണ് ഭാരതീയം ചരിത്ര സ്മൃതി യാത്രയിലൂടെലക്ഷ്യമിടുന്നത്.
എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിളളി മുഹമ്മദ് ഫൈസി നായകനും ട്രഷറര്‍ ബഷീര്‍ ഫൈസി ദേശമംഗലം ഉപനായകനും ആകും. ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 ന് ഗുരുവായൂരില്‍ നിന്ന് തുടക്കം കുറിച്ച് ദേശീയോദ്ഗ്രഥന സന്ദേശവുമായി ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്രയില്‍ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.
തൃശൂര്‍ എം ഐ സി യില്‍ നടന്ന ജില്ലാ നേതൃത്വ യോഗം എസ് കെ എസ് എസ് എഫ് ഷാര്‍ജാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഹമീദ് കൈപമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം വിഷയാവതരണം നടത്തി. ഷാര്‍ജ കമ്മിറ്റി ഭാരവാഹികളായ മഹ്മൂദ് മൂന്നുപീടിക, മുനീര്‍ പെരിഞ്ഞനം, ഖത്തര്‍ കമ്മിറ്റി ഭാരവാഹികളായ അസ്‌ലം മൂന്നുപീടിക, മുഹമ്മദ് കുട്ടി പുന്നയൂര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ സത്താര്‍ ദാരിമി, നജീബ് അസ്ഹരി, മുന്‍ ജില്ലാ പ്രസിഡന്റ് കബീര്‍ ഫൈസി പുത്തന്‍ചിറ, മുന്‍ സെക്രട്ടറി സിദ്ധീഖ് ഫൈസി മങ്കര, നിയാസ് വെളളാങ്ങല്ലൂര്‍, ഷിയാസ് അലി വാഫി, ഹസ്സന്‍ മുസ്ലിയാര്‍ കൊടുങ്ങല്ലൂര്‍, തൗഫീഖ് വാഫി, സല്‍മാന്‍ നാട്ടിക, അലി റഹ്മാനി, ഷാഹുല്‍ ഹമീദ് റഹ്മാനി വടക്കേകാട്, അഷ്‌റഫ് മൗലവി കുഴിങ്ങര, സുഹൈല്‍ പന്തല്ലൂര്‍, റഫീഖ് കടവല്ലൂര്‍, സമദ് ദാരിമി, സൈഫുദ്ധീന്‍ പാലപ്പിളളി, റഫീഖ് പുലിക്കണ്ണി, അഫ്‌സല്‍ ചേര്‍പ്പ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഷാഹിദ് കോയ തങ്ങള്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ മെഹ്‌റൂഫ് വാഫി നന്ദിയും പറഞ്ഞു.

 

Categories: District News, events

About Author