കര്‍ണാടകയില്‍ വിദ്യാഗ്രാമങ്ങള്‍ നിര്‍മ്മിക്കും – സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

ബാംഗ്ലൂരു : കര്‍ണാടക സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ വിദ്യാഗ്രാമങ്ങള്‍ നിര്‍മ്മിക്കാന്‍ എസ് കെ എസ് എസ് എഫ് മുന്‍കയ്യെടുക്കുമെന്ന് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബാംഗ്ലുരു സീഷെല്‍ ഓഡിറ്റോറിയത്തില്‍ എസ് കെ എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയില്‍പ്പോലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി വിജയിപ്പിച്ചെടുത്തതാണ് കേരളീയ സമൂഹത്തില്‍ പുരോഗതിയും സമാധാനവും കൈവരിക്കാന്‍ സാധ്യമായത്. അറിവുള്ളിടത്ത് സ്പര്‍ദയും വിദ്വേഷവും വളര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ബാംഗ്ലൂര്‍ ചാപ്റ്റര്‍ പ്രസിഡന്റ് പി.കെ മുഹമ്മദ് അസ്‌ലം ഫൈസി അധ്യക്ഷത വഹിച്ചു. ഓണംപിള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, ഷറഫൂദ്ദീന്‍ ഹുദവി എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. സംസ്ഥനത്തെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പിലാകുന്ന വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തി അന്തിമരൂപം നല്‍കി. വിവിധ ജില്ലാ ഭാരവാഹികള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കെ. ജുനൈദ് സ്വാഗതവും യാക്കൂബ് ഇ. അലവി നന്ദിയും പറഞ്ഞു.