ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി

കൊണ്ടോട്ടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ വഫാത്തായി. 78 വയസ്സായിരുന്നു ഇന്ന് രാവിലെ 6.20ന് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. കുണ്ടോട്ടിയിലെ സ്വവസതിയില്‍ എത്തിച്ച ശേഷം ഉച്ചയ്ക്ക് 12മുതല്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഖബറടക്കം വൈകിട്ട് 4.30 ദാറുല്‍ഹുദാ അങ്കണത്തില്‍.

മലപ്പുറം ജില്ലയിലെ അതിപ്രശസ്ത പണ്ഡിതകുടുംബമായ ഖാസിയാരകം കുടുംബത്തില്‍ ചെറുശ്ശേരി മുഹമ്മദ് മുസ് ല്യാര്‍ പാത്തുമ്മുണ്ണി ദമ്പതികളുടെ ഏകമകനായി 1937ലായിരുന്നു ജനനം. വീടിനു സമീപത്തെ ഖാസിയാരകം പള്ളിയില്‍ നിന്നു തന്നെയായിരുന്നു പ്രാഥമിക പഠനം. കൊണ്ടോട്ടി സ്‌കൂളില്‍ ഭൗതിക പഠനത്തിന് ശേഷം മഞ്ചേരി, ചാലിയം എന്നീ ദര്‍സുകളില്‍ മതപഠനം നടത്തി. ഓവുങ്ങല്‍ അബ്ദുര്‍റഹ് മാന്‍ മുസ് ല്യാര്‍, ഓടയ്ക്കല്‍ സൈനുദ്ദീന്‍ കുട്ടി മുസ് ല്യാര്‍
എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്‍മാര്‍. പള്ളിദര്‍സുകളിലെ പഠനത്തിനു ശേഷം വളരെ ചെറുപ്രായത്തില്‍ തന്നെ മുദരിസായി സേവനനിരതനായി.

20 വര്‍ഷത്തോളം കൊണ്ടോട്ടി കോടങ്ങാട് ജുമാമസ്ജിദിലും  18 വര്‍ഷത്തോളം  ചെമ്മാട് ജുമാമസ്ജിദിലും  മുദരിസായിരുന്നു.  1994 മുതല്‍ ചെമ്മാട് ദാറുല്‍ ഹുദയിലായിരുന്നു സേവനം. എം.എം ബശീര്‍ മുസ്‌ലിയാരുടെ നിര്യാണത്തോടെ ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴിസിറ്റിയായി ഉയര്‍ന്നപ്പോള്‍ അതിന്റെ പ്രൊ ചാന്‍സലറുമായി. ഇന്ത്യയിലെ തന്നെ മികച്ച മത ഭൗതിക കലാലയങ്ങളിലൊന്നാക്കി ദാറുല്‍ഹുദായെ മാറ്റിയെടുക്കുന്നതില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.

മൊറയൂര്‍ ബംഗാളത്ത് കമ്മദാജിയുടെ മകള്‍ മറിയുമ്മ, എ.ആര്‍ നഗര്‍ സ്വദേശി ഖദീജ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: റഫീഖ്(ഗള്‍ഫ്), മുഹമ്മദ് സാദിഖ്, ഫാത്വിമ, റൈഹാനത്ത്. മരുമക്കള്‍: ഇസ്മാഈല്‍ ഫൈസി, സൈനുല്‍ ആബിദീന്‍. ഇസ് ലാമിക കര്‍മ ശാസ്ത്ര വിഷയങ്ങളില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ചെറുശ്ശേരിയെ സൈനുല്‍ ഉലമാ (പണ്ഡിതരിലെ ശോഭ) എന്നായിരുന്നു അനുയായികളും സഹപ്രവര്‍ത്തകരും ആദരപൂര്‍വം വിളിച്ചിരുന്നത്. 1980ല്‍ സമസ്ത മുശാവറയിലെത്തിയ ചെറുശ്ശേരി സമസ്ത ഫത്‌വ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായിരുന്നു. ദീര്‍ഘകാലം സമസ്ത ജനറല്‍ സെക്രട്ടറിയായിരുന്ന ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്നു 1996 ല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ്, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, സുപ്രഭാതം രക്ഷാധികാരി, താനൂര്‍ ഇസ് ലാഹുല്‍ ഉലൂം അറബിക് കോളജ് മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. നിരവധി മഹല്ലുകളിലെ ഖാസിയായിരുന്നു.