സഹിഷ്ണുതയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം : സമസ്ത സമ്മേളനം

ആലപ്പുഴ: സഹിഷ്ണുതയാണ് ഇസ്‌ലാമിന്റെ അടിസ്ഥാനമെന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിലെ ‘നമ്മുടെ മതം’ സെഷന്‍ അഭിപ്രായപ്പെട്ടു. മൂന്നു വിഷയങ്ങളിലായി നടന്ന സെഷനില്‍ ഇസ്‌ലാം എന്തു പറയുന്നു എന്ന വിഷയത്തില്‍ സലാം ഫൈസി ഒളവട്ടൂരും ഇസ്‌ലാമും തിവ്രവാദവും എന്ന വിഷയത്തില്‍ നാസര്‍ ഫൈസി കൂടത്തായിയും ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം എന്ന വിഷയത്തില്‍ റഫീഖ് ഫൈസി പേരാമ്പ്രയും വിഷയമവതരിപ്പിച്ചു. ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ലോകത്ത് പലരും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇസ്‌ലാം പുല്‍കുന്നുവര്‍ ദിനേന വര്‍ധിച്ചു വരികയാണെന്ന് സ്വാഗത ഭാഷണത്തില്‍ ഡോ.അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
ഇസ്‌ലാമിക വിശ്വാസ അനുഷ്ഠാന കര്‍മങ്ങളില്‍ ദൃഢ നിലപാട് സ്വീകരിക്കുന്നതോടൊപ്പം തന്നെ ഇതര മത വിശ്വാസികളെ അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍ ബഹുമാനിക്കുന്നതാണ് മത നിലപാടെന്നും പാരമ്പര്യ വ്യതിചലനവും മത രഹിത കാഴ്ചപ്പാടും മനുഷ്യ രാശിക്ക് തന്നെ ആപത്കരമാണെന്നും ‘നമ്മുടെ മതം’ സെഷന്‍ വിലയിരുത്തി.
എം.എം മുഹ്‌യുദ്ധീന്‍ മുസ്്‌ലിയാര്‍ ആലുവ അദ്ധ്യക്ഷത വഹിച്ചു. വി.പി പൂക്കോയ തങ്ങള്‍ അല്‍-ഐന്‍, വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍, ജലീല്‍ ഹാജി ഒറ്റപ്പാലം, ഫഖ്‌റുദ്ധീന്‍ ബാഖവി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, അബ്ദുറഹ്മാന്‍ ഫൈസി ബ്ലാത്തൂര്‍, ഫരീദ് റഹ്മാനി കാളികാവ്, കമാല്‍ എം. ശക്കീല്‍, വാഴക്കാട് മൊയ്തീന്‍ കുട്ടി ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. പുറത്ത് മൊയ്തീന്‍ മുസ്‌ലിയാര്‍ നന്ദി പറഞ്ഞു.