അന്താരാഷ്ട്ര പ്രകാശവര്‍ഷം 2015 നാഷണല്‍ സെമിനാര്‍ നവമ്പര്‍ 18 ന്

കോഴിക്കോട്: അന്താരാഷ്ട്ര പ്രകാശവര്‍ഷം 2015 ന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് വിദ്യാഭ്യാസ വിഭാഗം ട്രെന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗവും സംയുക്തമായി ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നവമ്പര്‍ 18 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടക്കുന്ന സെമിനാര്‍ ‘ഇബ്‌നുല്‍ ഹൈഥം ശാസ്ത്ര സംഭാവനകള്‍’ എന്ന വിഷയത്തിലാണ് നടക്കുന്നത്. പ്രസിദ്ധ അറബ് ശാസ്ത്രജ്ഞന്‍ ഇബ്‌നുല്‍ ഹൈഥം 1015 ല്‍ രചിച്ച കിതാബുല്‍ മനാളിര്‍ (ബുക്ക് ഓഫ് ഒപ്റ്റിക്‌സ്) ന്റെ ആയിരം വര്‍ഷം പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ടാണ് യുനെസ്‌കോ 2015 പ്രകാശവര്‍ഷമായി ആഘോഷിക്കാന്‍ തെരഞ്ഞെടുത്തത്.

ദര്‍ശന ശാസ്ത്രം, ലെന്‍സ്, കണ്ണാടി തുടങ്ങിയവയില്‍ ഇബ്‌നുല്‍ ഹൈഥം നടത്തിയ പഠന-പരീക്ഷണങ്ങളാണ് പിന്‍ഹോള്‍ ക്യാമറയുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. പ്രസ്തുത കണ്ടുപിടുത്തങ്ങളും ഉപരിപഠനങ്ങളും കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെന്റ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധ രചന, പ്രസന്റേഷന്‍ മത്സരങ്ങളും നടന്നുവരുന്നു. സെമിനാര്‍ കേരള ഹയര്‍ എഡ്യുക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മങ്ങാട്, കുസാറ്റ് യൂണിവേഴ്‌സിറ്റി എമിരിറ്റസ് പ്രൊഫസര്‍ വി.ബി.എന്‍ നമ്പൂരി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യ്ദ് മുനവറലി ശിഹാബ് തങ്ങള്‍ പാണക്കാട്, അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യ്ദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുള്‍ മജീദ് എ.ബി മൊയ്തീന്‍കുട്ടി, എസ.്‌വി മുഹമ്മദലി മാസ്റ്റര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി തുടങ്ങിയവര്‍ സംബന്ധിക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ www.trendinfo.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.