സഹചാരി ഫണ്ട് ശേഖരണം 19-ന്

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം വിശുദ്ധ റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ജൂണ്‍ 19-ന് നടക്കും. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സംസ്ഥാനത്തെ പള്ളികള്‍ കേന്ദ്രീകരിച്ച് ശേഖരിക്കുന്ന സംഖ്യ സ്വരൂപിച്ച് നിര്‍ധനരോഗികള്‍ക്ക് മരുന്നു വിതരണം, ഡയാലിസിസ്, മറ്റു മാരകരോഗികള്‍ക്കുള്ള ചികിത്സാസഹായങ്ങള്‍ തുടങ്ങിയവ ചെയ്തു വരികയാണ്. ഇക്കാലയളവില്‍ ഒന്നരക്കോടി രൂപയുടെ സഹായം സഹചാരി മൂഖേന എത്തിച്ചു നല്‍കിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ച് വളണ്ടിയര്‍ മാരുടെ സേവനം, ആംബുലന്‍സ് സര്‍വ്വീസ്, ഭക്ഷണവിതരണം, കുറഞ്ഞ നിരക്കില്‍ ലബോറട്ടറി സൗകര്യം തുടങ്ങിയവയും സഹചാരി നടത്തിവരുന്നു.
സഹചാരി ഫണ്ട് ശേഖരണം വന്‍ വിജയമാകന്‍ മഹല്ല് ഭാരവാഹികളും, ഖത്വീബുമാരും, സംഘടന പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, ജനറല്‍ കണ്‍വീനര്‍ ഓണംമ്പിള്ളി മുഹമ്മദ് ഫൈസിയും അഭ്യര്‍ത്ഥിച്ചു.