ഫെഡറലിസം തകരുന്നത് രാഷ്ട്ര നാശത്തിന് വഴിവെക്കും : അബ്ബാസലി തങ്ങള്‍

കോഴിക്കോട് : മതേതര ഭാരതത്തിന്റെ മഹനീയ പൈതൃകവും മത സൌഹാര്‍ദ്ദത്തിലൂന്നിയ മനുഷ്യത്വ നിലപാടുകളും രാജ്യത്ത് നിലനില്‍ക്കല്‍ ജനാധിപത്യ ഇന്ത്യയുടെ അനിവാര്യതയാണ്. നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ഭാരതീയ പൈതൃകത്തെ പൂര്‍വ്വസൂരികളായ രാഷ്ട്ര നായകന്മാര്‍ നമുക്ക് തന്ന രാജ്യത്തിന്റെ പൈതൃക സ്വത്താണ്. ഇത് നാം തകര്‍ക്കരുത്. വിവിധ മത വിഭാഗക്കാരും വിഭിന്ന സംസ്കാരമുള്ളവരും ഭാരതീയരായി ഒന്നിച്ചു നീങ്ങുന്ന ഒറ്റ രാഷ്ട്രം ഒരു ജനത എന്ന കാഴ്ചപ്പാടാണ് രാഷ്ട്ര ശില്‍പികള്‍ നമുക്ക് തന്നത്. ഗാന്ധിജിയും നെഹ്റുവും ആസാദുമടക്കമുള്ള മഹാരതന്‍മാന്‍ രാജ്യത്തിന് തന്ന പൈതൃകത്തെ നിലനിര്‍ത്തുന്നതിന് പകരം മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചവരെ മഹാരതന്‍മാരായി കാണുന്ന നിലപാട് അപകടകരമാണ്. എസ് കെ എസ് എസ് എഫ് റിപ്പബ്ലിക്ക് ദിനത്തില്‍ മുക്കത്ത് വെച്ച് നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചാരണോദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു.
സംസ്ഥാനങ്ങളുടെ അവകാശത്തില്‍ കൈ കടത്തും വിധം വിദ്യാഭ്യാസ മേഖലയെ കാവി വല്‍ക്കരിക്കുന്നതും സി ബി എസ് ഇ സെന്‍ട്രല്‍ സിലബസിന്റെ മറവില്‍ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പാക്കുന്നതും ന്യൂനപക്ഷ സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്നതാണ്. കേരള ഗവര്‍ണര്‍ ചാന്‍സിലര്‍മാരെ വിളിച്ചത് സദുദ്ദേശപരമെന്ന് വ്യാഖ്യാനിക്കാന്‍ കഴിയുമെങ്കിലും സംസ്ഥാനത്തിന്റെ അവകാശത്തില്‍ കേന്ദ്രം കൈ കടത്തുന്ന രീതി ആരെങ്കിലും സംശയിക്കുന്നുവെങ്കില്‍ അവരെ കുറ്റം പറയാന്‍ കഴിയുകയില്ല. ഫെഡറലിസം തകരുന്നത് രാഷ്ട്ര നാശത്തിന് വഴിവെക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തെ നിഷേധിച്ച് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരും മതേതരത്വ ഇന്ത്യയില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു എന്ന് മുറവിളി കൂട്ടിയവരായ തീവ്രവാദികളും ഇന്ന് ഇന്ത്യ എത്തി നില്‍ക്കുന്ന അപകടകരമായ സാഹചര്യത്തെ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയവരാണ്. മനുഷ്യജാലിക എന്ന എല്ലാ ഇന്ത്യക്കാരെയും ഒന്നിപ്പിക്കുന്ന ആശയം എസ് കെ എസ് എസ് എഫ് മുന്നോട്ട് വെച്ചത് ഇന്ത്യയില്‍ ജനാധിപത്യവും മതേതരത്വവും മത സൌഹാര്‍ദ്ദവും നിലനിര്‍ത്താന്‍ വേണ്ടിയാണ്. ജമാഅത്തെ ഇസ്ലാമിയും എന്‍ ഡി എഫും മുസ്ലിം സമൂഹത്തെ നയിച്ച രാഷ്ട്രീയ കാഴ്ചപ്പാട് പരാജയമാണെന്നാണ് പുതിയ ഇന്ത്യന്‍ സാഹചര്യം തെളിയിച്ചത്. സമസ്ത കാലങ്ങളായി പറഞ്ഞു വരുന്ന സൌഹൃദപരമായ ആശയമാണ് ലോകത്തിനും ഇന്ത്യക്കും ഇണങ്ങുക എന്ന് കാലം തെളിയിച്ചു. തീവ്രവാദികളും മത രാഷ്ട്ര പ്രസ്താനക്കാരും ഈ വിഷയം ഉള്‍ക്കൊണ്ട് കാലോചിതമായ മാറ്റം സംഘടനാ രംഗത്ത് വരുത്താന്‍ ശ്രമിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി. സുബൈര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മോയിമോന്‍ ഹാജി മുക്കം, ഉമര്‍ ഫൈസി മുക്കം, നാസര്‍ ഫൈസി കൂടത്തായ്, അബൂബക്കര്‍ ഫൈസി മലയമ്മ, സലാം ഫൈസി മുക്കം, അയ്യൂബ് കൂളിമാട്, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ്. മൌലവി, പി.ജി. മുഹമ്മദ്, ആര്‍.വി.എ. സലാം, ഹനീഫ് റഹ്‍മാനി, ഒ.പി.എം. അശ്റഫ്, നൂറുദ്ദീന്‍ ഫൈസി, സി.കെ. ഖാസിം, ടി.എ. ഹുസൈന്‍ ബാഖവി, കെ. ഹുസൈന്‍ ബാഖവി, ഉമര്‍ ബാഖവി, യൂനുസ് മാസ്റ്റര്‍, സയ്യിദ് ഫസല്‍, അസീസ് പുള്ളാവൂര്‍ സംസാരിച്ചു. അലി അക്ബര്‍ മുക്കം നന്ദി പറഞ്ഞു.