ഗസ്സ; ഇന്ത്യ നിലപാട് പുനഃപരിശോധിക്കുക : SKSSF വിഖായ

കോഴിക്കോട് : ഗസ്സയിലെ നിരപരാതികളും നിരായുധരുമായ ജനങ്ങള്‍ക്ക് നേരെ സര്‍വ്വ സജ്ജരായ ഇസ്രായേല്‍ നടത്തുന്ന നരയാട്ടിനെതിരെ മൌനം പാലിക്കുന്ന ഇന്ത്യയുടെ നിലപാട് പുനഃപരിശോധിക്കണമെന്ന് SKSSF വിഖായ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ഫലസ്തീന്റെ ന്യായമായ അവകാശത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയെ വരെ അപകടപ്പെടുത്തിക്കൊണ്ട് പ്രതിരോധ മഖലയില്‍ നേരിട്ടിടപഴകാന്‍ ഇസ്രായേലിന് അവസരം നല്‍കുന്ന വിധത്തിലുള്ള നീക്കങ്ങളാണ് ഇന്ന് ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ചേരിചേരാ പ്രസ്ഥാനമുള്‍പ്പെടെ ഇന്ത്യ ലോകത്തിന് കാഴ്ചവെച്ച മനുഷ്യത്വത്തിന്റെയും നന്മയുടെയും പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. നിഷ്ഠൂരമായ ഇസ്രായേലിന്റെ വംശഹത്യയില്‍ ശക്തമായി പ്രതിഷേധിക്കാനും ഇസ്രായേലുമായുള്ള കയറ്റുമതി ഇറക്കുമതി ബന്ധങ്ങള്‍ വിച്ഛേദിക്കാനും സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ആഗസ്റ്റ് 9ന് (ഇന്ന്) ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി കോഴിക്കോട് വെച്ച് നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ യുദ്ധവിരുദ്ധ റാലി വിജയിപ്പിക്കുവാനും സ്വാതന്ത്ര്യ ദിന സായാഹ്നത്തില്‍ മേഖലാ തലത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സ്വാതന്ത്ര്യ ദിന സംഗമവും നടത്തുവാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ഹബീബ് ഫൈസി കോട്ടോപ്പാടം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ കാസര്‍ഗോഡ്, ശിഹാബ് കുഴിഞ്ഞോളം, ഉമറലി ശിഹാബ് എടവണ്ണപ്പാറ, നിഷാദ് പട്ടാമ്പി, നിസാം ഓമശ്ശേരി, ഗഫൂര്‍ ഓമശ്ശേരി, സിറാജ് തൃശൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ജലീല്‍ ഫൈസി അരിമ്പ്ര സ്വാഗതവും സംസ്ഥാന വര്‍ക്കിംഗ് കണ്‍വീനര്‍ അബ്ദുസ്സലാം ഫറോക്ക് നന്ദിയും പറഞ്ഞു.